Minnalai Pidithu
"മിന്നലൈ പിടിത്ത്......"
എന്റെ സംഗീതയാത്രയിൽ, എനിക്ക് വളരെയധികം മൈലേജ് തന്ന, മറ്റൊരു സൂപ്പർ ഹിറ്റായി മാറിയ തമിഴ് ഗാനമാണിത് . 2001 ഇൽ റിലീസ് ചെയ്ത "ഷാജഹാൻ" എന്ന സൂപ്പർ സ്റ്റാർ വിജയ് ചിത്രത്തിലെ ഗാനം. ഒരുപാട് ചലച്ചിത്ര പ്രതിഭകളാൽ സമ്പുഷ്ടമായ തമിഴകത്തിന്റെ മഹാനായ ഗാന രചയിതാവ് വൈരമുത്തുവിന്റെ തൂലികയിൽ പിറന്ന ഗാനം. വൈരമുത്തുവിന്റെ വൈര വരികളാണതിൽ. തമിഴ് അറിയുന്നവർക്ക് ഒരുപാട് രസിക്കാൻ പറ്റിയ വരികളാണ്. സ്ത്രീയെ ദൈവം എങ്ങനെയൊക്കെയാണ് സൃഷ്ടിച്ചത് എന്നാണ് കവി ഈ പാട്ടിലൂടെ പറയുന്നത്. ആ വരികൾക്ക് ഗാനാസ്വാദകരുടെ മനസ്സറിഞ്ഞ സംഗീതം നൽകിയത് ശ്രീ മണി ശർമ്മ ആയിരുന്നു. ഞാൻ പാടിയ തമിഴ് പാട്ടുകളിൽ പൂങ്കാട്രിലെ, കണ്ണുക്ക് മൈ അഴക് & മിന്നലൈ ആണ് വൈരമുത്തുവിന് ഏറ്റവും ഇഷ്ടമുള്ള ഗാനങ്ങൾ. തമിഴ് വളരെ ഭംഗിയായി ഉച്ചരിച്ചാലേ നന്നാവൂ എന്ന് അദ്ദേഹം എടുത്തു പറയുന്ന ഗാനങ്ങളിൽ ഒന്നാണ് ഇതും. അത് മാത്രമല്ല ശ്രീ പി ജയചന്ദ്രൻ, നമ്മുടെ സ്വന്തം ജയേട്ടൻ എപ്പോഴും പറയും ഉണ്ണി പാടിയ ഗാനങ്ങളിൽ ജയേട്ടന് ഏറ്റവും ഇഷ്ടമായാ ഗാനമാണിതെന്ന്. എന്തായാലും ഗാനം സംഗീതാസ്വാദകർ ഹൃദയത്തിലേറ്റിയപ്പോൾ എന്റെ ക്രെഡിറ്റിൽ മറ്റൊരു മനോഹരമായ ഗാനം കുടി പിറന്നു എന്നത് തിരിഞ്ഞു നോക്കുമ്പോൾ അതിയായ സന്തോഷം നൽകുന്ന ഓർമ്മകളാണ്.
ഹൃദയത്തിൽ എന്നും ഒരു ചിത്രത്തിന്റെ, അതിന്റെ ഗാനങ്ങളുടെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാ അഭിനേതാക്കളുടെയും, സംഗീത / സാങ്കേതിക പ്രവർത്തകരുടെയും സ്ഥാനം വലുതാണ്. അവരൊക്കെ നൽകുന്ന സ്നേഹമാണ് ഇന്നും എന്നെയൊക്കെ വർഷങ്ങൾക്കിപ്പുറവും ഇൻഡസ്ട്രിയിൽ നിലനിർത്തുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഓർമ്മയിൽ നിൽക്കുന്ന, താഴെ പറയുന്ന ഈ ചിത്രത്തിന്റെയും മുഖ്യധാരയിൽ പ്രവർത്തിച്ചവർക്കും, മറ്റുള്ളവർക്കും നന്ദി പറഞ്ഞു കൊണ്ട് ,ഗാനം നിങ്ങൾക്കായി സമർപ്പിക്കുന്നു
സംവിധായൻ : രവി
നിർമ്മാതാവ് : ആർ ബി ചൗധരി
സംഗീതം : മണി ശർമ്മ
രചന : വൈരമുത്തു
അഭിനേതാക്കൾ : വിജയ്, റിച്ച പാലോട്
പ്രൊഡക്ഷൻ ഹൗസ് : സൂപ്പർ ഗുഡ് ഫിലിംസ്
- നിങ്ങളുടെ സ്വന്തം ഉണ്ണിമേനോൻ

Comments