top of page

Vaanil Paayum

May 27, 2021
2 min read

രണ്ടു ദിവസം മുമ്പ് ശ്രീ മമ്മൂട്ടി ആദ്യമായി പാടി അഭിനയിച്ച പ്രണയ ഗാനത്തെ കുറിച്ചാണ് നമ്മൾ അവതരിപ്പിച്ചതും പറഞ്ഞു നിറുത്തിയതും. സൂപ്പർസ്റ്റാർ മോഹൻലാൽ ആദ്യമായി ഒരു ചിത്രത്തിന്റെ ഗാനത്തിൽ പാടി അഭിനയിച്ച ഗാനം ആലപിക്കുവാനുള്ള ഭാഗ്യവും എനിക്ക് കിട്ടിയെന്നും, ഇന്നലെ അത് ഷെയർ ചെയ്യാമെന്നും പറഞ്ഞിരുന്നു . പക്ഷെ മെയ് 10ന് രാത്രി നമ്മെ വിട്ടുപിരിഞ്ഞ മലയാളത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്രകാരന്മാരിൽ ഒരാളായ പ്രിയപ്പെട്ട ഡെന്നിസ് ജോസഫിന്റെ അകാലത്തിലെ വിയോഗം വല്ലാത്തൊരു ഞെട്ടലാണ് ഉണ്ടാക്കിയത് . അതിൽ നിന്നും പതിയെ മോചിതനാകുന്നതേ ഉള്ളു. ഈ ചിത്രത്തിൽ ഡെന്നിസ് ഭാഗമായിരുന്നില്ല എങ്കിൽ പോലും, സംഗീതത്തെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന, മമ്മുക്കയേയും, മോഹൻലാലിനെയും സൂപ്പർ താര പദവിയിലേക്ക് കൈപിടിച്ചു കയറ്റിയ ആ മഹാനായ കലാകാരന് മോഹൻലാൽ ആദ്യമായി പാടി അഭിനയിച്ച ഗാനം ഞാൻ സമർപ്പിച്ചുകൊണ്ട് ഇവിടെ അവതരിപ്പിക്കുന്നു

ഗാനം : വാനിൽ പായും.....

ചിത്രം : തേനും വയമ്പും (1981)

സംഗീതം : രവീന്ദ്രൻ

രചന : ബിച്ചു തിരുമല

ആലാപനം : ഉണ്ണിമേനോൻ , ജെൻസി

വളരെയേറെ ജനപ്രീതി നേടിയ ചിത്രമായിരുന്നു "തേനും വയമ്പും". ശ്രീ അശോക് കുമാറിന്റെ സംവിധാനം, ജോൺ പോളിന്റെ കഥ, എസ് കുമാറിന്റെ ക്യാമറ, അഭിനേതാക്കളായി നിത്യ ഹരിത നായകൻ പ്രേം നസീർ സർ, നെടുമുടി വേണുച്ചേട്ടൻ, മോഹൻലാൽ, സുമലത തുടങ്ങി വലിയ ഒരു താരനിര. എന്റെ തുടക്ക കാലത്തിലെ ഭാഗ്യങ്ങളിൽ ഒന്നാണ് അതുപോലെയുള്ള ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു എന്നത്. അതും രണ്ടു വലിയ പ്രതിഭകളുടെ ഗാനം - രവീന്ദ്രൻ മാസ്റ്ററും ബിച്ചു തിരുമലയും. ഈ ഗാനത്തിൽ എന്റെ സഹഗായിക ജെൻസി ആന്റണി ആണ്. ജെൻസി അക്കാലത്തു എന്റെ സീനിയർ ആയിരുന്നു എന്ന് വേണം പറയാൻ. വർഷങ്ങൾക്കു മുമ്പേ അവർ തമിഴിലും മലയാളത്തിലും പാടിത്തുടങ്ങിയിരുന്നു. ഇളയരാജ സാറിന്റെ ഗാനങ്ങൾ ഉൾപ്പടെ. മോഹൻലാലിനോടൊപ്പം ഈ ഗാനത്തിൽ അഭിനയിച്ചത് അക്കാലത്തെ പ്രശസ്തയായ യുവനടി, നമ്മെ വിട്ടു പിരിഞ്ഞ റാണി പദ്മിനിയാണ് .

ഈ ഗാനത്തിനു ശേഷം നമ്മുടെ ലാൽ എത്ര എത്ര ഗാനങ്ങൾ പാടി അഭിനയിച്ചു വിജയിപ്പിച്ചു. ഒരു പക്ഷെ നസീർ സാറിനു ശേഷം ഇത്രയധികം ഗാനങ്ങൾ സ്‌ക്രീനിൽ പാടി അഭിനയിച്ച മറ്റു നടന്മാരുണ്ടോ എന്നത് സംശയമാണ്. എന്തായാലും അതിനു തുടക്കം കുറിച്ച പാട്ട് എന്റേത് ആയെന്ന് അറിയുമ്പോൾ നല്ലൊരു സന്തോഷവും അത്ഭുതവും ഇന്ന് തോന്നുന്നു. അത്ഭുതം ഒരുപാടു വർഷങ്ങൾക്കു ശേഷമാണ് ഇതൊക്കെ അറിയുന്നത് എന്നതിലാണ്. എന്തായാലും ദൈവത്തോടും ഗുരുക്കന്മാരോടുമുള്ള കടപ്പാടുകളുടെ എണ്ണം കൂട്ടുന്നു ഇതൊക്കെ. ശ്രീ മോഹൻലാലും ശ്രീ മമ്മൂട്ടിയും എന്ന രണ്ടു മഹാ കലാകാരന്മാരുടെയും സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ എനിക്കും ഒരു ചെറിയ ഭാഗമാകാൻ കഴിയുക, അവരോടൊപ്പം സഞ്ചരിച്ചു ഇപ്പോഴും ഫീൽഡിൽ നിൽക്കാൻ കഴിയുക എന്നത് ഒരു ചെറിയ കാര്യമല്ല എനിക്ക്. സർവേശ്വരന് നന്ദി .

പ്രിയപ്പെട്ട അശോക് കുമാർ, നിർമ്മാതാവ് ശ്രീ കുരുവിള (പ്രീമിയർ സിനി എന്റർപ്രൈസ് ), ജോൺ പോൾ , എസ് കുമാർ, ബിച്ചു തിരുമല, നെടുമുടി വേണുച്ചേട്ടൻ, സുമലത, ജെൻസി, മറ്റ് അഭിനേതാക്കൾ, സംഗീത/സാങ്കേതിക പ്രവർത്തകർ എന്നിവരോടുള്ള സ്നേഹം, നന്ദി അറിയിക്കുന്നതിനോടൊപ്പം ഇന്ന് നമ്മോടൊപ്പമില്ലാത്ത മഹാരഥന്മാരായ നസീർ സാറിനെയും, രവീന്ദ്രൻ മാസ്റ്ററിനെയും മനസ്സാ സ്മരിച്ചു കൊണ്ട് ഇതാ ഈ മനോഹര ഗാനം. ഒപ്പം മമ്മുക്കയ്ക്കും മോഹൻലാലിനും ഒരു ബിഗ് സല്യൂട്ട് !

നിങ്ങളുടെ സ്വന്തം ഉണ്ണിമേനോൻ.



Comments


Subscribe Form

Thanks for submitting!

bottom of page